പത്തനംതിട്ട : ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കെയുഡബ്ല്യൂജെയുടെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തുന്ന മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല മാധ്യമ ശിൽപശാല 28 വെള്ളിയാഴ്ച്ച പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കും. ഹൈജിയ 2K25 എന്ന് പേരിട്ടിരിക്കുന്ന മാധ്യമ ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. പത്തനംതിട്ട പ്രസ്ക്ലബ്ബ് പ്രസിഡന്റ് ബിജു കുര്യൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും. ശിൽപശാലയിൽ മാധ്യമ പ്രവർത്തകരും നവ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ല്യുവൻസേഴ്സുമായ 100 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കും. രാവിലെ രജിസ്ട്രേഷന് ശേഷം ഉദ്ഘാടന ചടങ്ങും അതിന് ശേഷം പത്തനംതിട്ട ജില്ലയുടെ ശുചിത്വ പ്രൊഫൈൽ, മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിൻ, വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള വിഷയവതരണങ്ങൾ ഉണ്ടാകും.
പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ ആദർശ് പി കുമാർ എന്നിവരാണ് വിഷയവതരണങ്ങൾ നടത്തുക. വിഷയവതരണത്തിന് പിന്നാലെ ശുചിത്വ മിഷനും കേരളത്തിലെ മാധ്യമങ്ങളും എന്ന വിഷയത്തിൽ ഓപ്പൺ ഡിസ്കഷൻ നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നൈസാം എ എസ്, മാലിന്യ മുക്തം നവകേരളം കോ കോ ഓർഡിനേറ്റർ ആർ അജിത് കുമാർ, പത്തനംതിട്ട പ്രസ് ക്ലബ്ബ് സെക്രട്ടറി വൈശാഖൻ ജി, പത്തനംതിട്ട ജില്ലാ ഇൻഫോർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് എന്നിവർ പരിപാടിയിൽ സംസാരിക്കും. പരിപാടിയുടെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി വേസ്റ്റ് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ നേടിയ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരെ പത്തനംതിട്ട ജില്ലാ കളക്ടർ പരിപാടിയിൽ ആദരിക്കും.