പത്തനംതിട്ട : ജില്ലയില്‍ തെരുവു നായ്ക്കളുടെ ആക്രമണം തടയുവാനും അവയില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും തടയുന്നതിനുമായി ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട അഞ്ചക്കാലയില്‍ പേ വിഷബാധക്കെതിരായ വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷന്‍ ഉറപ്പു വരുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. പതിനായിരത്തിലധികം വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് എല്ലാ പഞ്ചായത്തുകളും ലൈസന്‍സ് നല്‍കി തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്കരണ കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു. ജില്ലയിലെ 2019 ലൈഫ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 75,000 നായ്ക്കള്‍ ജില്ലയില്‍ ഉണ്ട്. 61,000 വളര്‍ത്തുനായ്ക്കളും 14,000 തെരുവുനായ്ക്കളുമുണ്ട്. 2022 ല്‍ അവയില്‍ ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് വളരെ വേഗത്തില്‍ മുന്നേറുകയാണ്. തെരുവുനായ്ക്കളെ വാക്‌സിനേഷന്‍ ചെയ്യുന്ന പദ്ധതികളും തയാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി കുടുംബശ്രീയില്‍ നിന്നുള്ള പ്രവര്‍ത്തകരെ പരിശീലനത്തിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ഇവരുടെ സംസ്ഥാന തല പരിശീലനത്തിനു ശേഷം തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍ ആരംഭിക്കും.
ദീര്‍ഘകാല പദ്ധതികളിലായി എല്ലാ പഞ്ചായത്തുകളിലും റസ്‌ക്യു ഷെല്‍ട്ടറുകള്‍ കണ്ടെത്തുകയും ബ്ലോക്കുതലത്തില്‍ വന്ധ്യംകരണ സെന്ററുകള്‍ നിര്‍മിക്കുകയും ചെയ്യും. ജനകീയ പങ്കാളിത്തത്തോടെ സുരക്ഷിതമായ തെരുവുകളും പ്രദേശങ്ങളും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. ജ്യോതിഷ് ബാബു, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.