പത്തനംതിട്ട : ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിൽ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി. ശബരിമല തീർത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മോട്ടോർവാഹനവകുപ്പ് നേതൃത്വം നൽകും. ഹോട്ടലുകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം.
തീർത്ഥാടന വഴികളിൽ രാത്രിസമയത്ത് വെളിച്ചം ഉറപ്പാക്കാൻ കെ എസ് ഇ ബി സൗകര്യമൊരുക്കണം. വിവിധ വകുപ്പുകൾ ശബരിമലതീര്‍ത്ഥാടന കാലത്ത് സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധച്ചും യോഗം ചർച്ച ചെയ്തു. പാതകളിലെ അറ്റകുറ്റപണി, കാട് വെട്ടിത്തെളിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമാരാമത്ത് വകുപ്പിന് യോഗം നിർദ്ദേശം നൽകി. തീർത്ഥാടക പാതയിലും, ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച് ഏകീകരിച്ച് വിവരം പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിയിക്കും.
മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളിൽ 24 മണിക്കൂർ മെഡിക്കൽ ക്യാമ്പുകൾ ,വണ്ടിപ്പെരിയാർ, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ മുഴുവൻസമയ മെഡിക്കൽ ഓഫീസറുടെ സേവനം,പീരുമേട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ജില്ലാ മെഡിക്കൽഓഫീസർ ഉറപ്പാക്കും. മഞ്ചുമല വില്ലേജ് ഓഫീസിനോട് ചേർന്ന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ കെ എസ് ആർ ടിസി സ്പെഷ്യൽ സർവ്വീസുകൾ നടത്തും . കുമിളി ടൗണിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കളക്ടർ അനൂപ് ഗാർഗ്,എ ഡി എം ഷൈജു ജേക്കബ്ബ്, ജനപ്രതിനിധികൾ , ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.