മല്ലപ്പള്ളി : വായനയുടെ കുറവാണ് സംസ്കാരമില്ലായ്മയിലേക്ക് നയിക്കുന്നതെന്ന് ഡോ എഴുമറ്റൂർ രാജ രാജ വർമ്മ പറഞ്ഞു. സ്വന്തം ഭാഷ മനസിലാക്കി പഠിച്ചാൽ സംസ്കാരവും ചരിത്രബോധവും ഉള്ളിൽ വളരും. ഭാവനയും ഭാഷയും കിട്ടാൻ പുരാണങ്ങൾ വായിക്കണം. ജില്ലാ എജ്യുഫെസ്റ്റ്-പുസ്തകമേള ഭാഗമായി മല്ലപ്പള്ളിയിൽ നടത്തിയ സാഹിത്യ സമ്മേളനത്തിൽ എന്റെ മലയാളം എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, മല്ലപ്പള്ളി പ്രസ് ക്ലബ്, ത്രിതല പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ എന്നിവ ചേർന്നാണ് പരിപാടി നടത്തുന്നത്.
ആശയ വിനിമയം പൂർണമായും മാതൃഭാഷയിലാവണം. കോടതിയിൽ ജഡ്ജി ഉത്തരവിടുമ്പോൾ ശിക്ഷയായാലും രക്ഷയാണെങ്കിലും വക്കീൽ പരിഭാഷപ്പെടുത്തിയാലെ കക്ഷിക്ക് ബോധം കെടാനെങ്കിലും പറ്റു എന്നതാണ് സ്ഥിതി. മരണ അറിയിപ്പും സഞ്ചയനവും മാത്രം മലയാളത്തിൽ നൽകുകയും വിവാഹ ക്ഷണം ഇംഗ്ലീഷിലാക്കുകയും വഴി സ്വന്തം വ്യക്തിത്വത്തെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. വിശ്വസംസ്കാരത്തെകുറിച്ചറിയാൻ ഇംഗ്ലീഷിന്റെ ജാലകം തുറക്കണമായിരിക്കാം പക്ഷെ മഴയുള്ളപ്പോൾ മാത്രം കുട നിവർത്താൽ പോരേ ?.-എഴുമറ്റൂർ ചോദിച്ചു.
ചെറുപ്പത്തിൽ ഉറക്കെ ഉച്ചരിച്ച് പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. തെറ്റ് കണ്ടുപിടിക്കാൻ ചെവിക്ക് കഴിയും. ചുഴലി വന്ന് വിറയ്ക്കുന്നവന്റെ കയ്യിൽ താക്കോൽ പിടിപ്പിക്കുന്നപോലാണ് ഇപ്പോൾ മൊബൈൽ ഫോൺ അടുത്തില്ലെങ്കിൽ ചിലരുടെ അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തകമേള തുടങ്ങി നേരത്തെ നടന്ന ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പുസ്തകമേള ഉദ്‌ഘാടനം ചെയ്തു.
ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് ജനപ്രതിനിധി വിവര പുസ്തകം പ്രകാശനം ചെയ്തു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, മല്ലപ്പള്ളി പഞ്ചായത്ത് അംഗം എസ്.വിദ്യാമോൾ, കുഞ്ഞു കോശി പോൾ, ജിനോയ് ജോർജ് തോമസ്, കീഴ്വായ്പൂര് ശിവരാജൻ നായർ, കെ. സതീഷ് ചന്ദ്രൻ, പ്രൊഫ.ജേക്കബ് എം.എബ്രഹാം, എം.എം.ഖാൻ റാവുത്തർ, രാജേഷ് ജി. നായർ, കെ ആർ.പ്രദീപ് കുമാർ, എബി മേക്കരിങ്ങാട്ട്, അനീഷ് ചുങ്കപ്പാറ, അനു കുറിയന്നൂർ, രാജീവ് ഫൈനാർട്സ്, സിബി എം.സി, ജി.ഗോപകുമാർ, എൻ.കെ.സുഭാഷ് ലാൽ, ജിജു വൈക്കത്തുശ്ശേരി എന്നിവർ പങ്കെടുത്തു.