പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലാതല പരിസ്ഥിതി ദിനാചരണം തുമ്പമൺ എംജിഎച്ച്എസ്എസിൽ വെച്ച് നടന്നു. പരിസ്ഥിതി ദിന യോഗത്തിലും തുടർന്ന് നടന്ന മത്സരയിനങ്ങളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാമായിരുന്നു പരിപാടി ഉദ്ഘാടനം നിർവഹിച്ചത്. യുവമനസ്സുകളിൽ പരിസ്ഥിതി അവബോധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളിൽ വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൽ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പരിപാടിയിൽ ഹരിതകേരളം മിഷന്റെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
പരിപാടിയിൽ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപറേറ്റ് മേധാവി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് പകർന്ന് നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിശിഷ്ഠ അതിഥികൾ വൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ വച്ചുപിടിപ്പിക്കുകയും ചെയ്തു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ, ഹരിതകേരളം മിഷൻ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജി അനിൽ കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് – ഹയർ സെക്കന്ററി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ സുധ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പരുപാടിയിൽ ജില്ലയിലെ മികച്ച സ്നേഹരാമം തയ്യാറാക്കി പരിപാലിക്കുന്ന എംജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിനെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ആദരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ശുചിത്വം -മാലിന്യ നിർമാർജ്ജന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, പോസ്റ്റർ രചന, എൻവിറോൺമെന്റൽ പസ്സിൽ ഗെയിം എന്നിവ സംഘടിപ്പിച്ചു. അനേകം കുട്ടികളാണ് പരിസ്ഥിതി ദിന മത്സരങ്ങളുടെ ഭാഗമായത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രചനകൾ ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴിയും ജില്ലാ മിഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും പ്രസിദ്ധീകരിക്കുന്നതായിരിക്കും.
പരിസ്ഥിതി ദിന മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനും ഹരിതകേരളം മിഷനും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകും. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പരിസ്ഥിതി ദിനാചരണങ്ങൾ സംഘടിപ്പിച്ചിരുന്നു. വരകളിലൂടെയും പോസ്റ്റർ രചനയിലൂടെയും തങ്ങളുടെ ഉള്ളിലെ ശുചിത്വ സുന്ദര പത്തനംതിട്ടയെ കുട്ടികൾ ക്യാൻവാസിലേക്ക് പകർന്നു. മത്സരയിനങ്ങളിൽ ആവേശം നിറച്ചത് എൻവിറോൺമെന്റൽ പസ്സിൽ ഗെയിം ആയിരുന്നു. പത്തനംതിട്ടയുടെ ജീവനാഡികളായ പമ്പയും മണിമലയാറും വരകളിലെ വിഷയങ്ങളായി ഉയർന്നുവന്നു.
ജൂൺ അഞ്ച് മുതൽ 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനാണ് ശുചിത്വ മിഷൻ ജില്ലയിൽ തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 79 ഹയർ സെക്കന്ററി സ്കൂളുകളിലും പത്തനംതിട്ട ജില്ല ശുചിത്വ മിഷന്റെ ബോധവൽക്കരണ ക്ലാസ്സുകൾ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ നടത്തും. പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഈവന്റ് കൺവീനർ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ളയായിരുന്നു. ജില്ലാ ശുചിത്വ മിഷൻ ഐഇസി ഇന്റേൺ നീതു ലക്ഷ്മിയാണ് രചന മത്സരങ്ങളുടെ ഏകോപന ചുമതല നിർവഹിച്ചത്.