തെങ്ങമം : പത്തനംതിട്ട നെഹ്റു യുവകേന്ദ്രയും കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കായികമേള സമാപിച്ചു. ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്സ് എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഫുട്ബോൾ ടൂർണമെന്റിൽ പയ്യനല്ലൂർ പ്ലേ മേക്കേഴ്‌സ് ചാമ്പ്യന്മാരും മിത്രപുരം യുണൈറ്റഡ് സോക്കർ ക്ലബ്ബ് റണ്ണേഴ്സപ്പുമായി. വോളിബോൾ ടൂർണമെന്റിൽ നവകേരള അങ്ങാടിക്കൽ ചാമ്പ്യന്മാരും നവജ്യോതി ആലുംമൂട് റണ്ണേഴ്സപ്പുമായി. ബാഡ്മിന്റണിൽ ബാബു തെങ്ങമം, എസ്.വിമൽകുമാർ എന്നിവർ ഉൾപ്പെട്ട ടീം വിജയികളായി. വിനോദ്, പ്രദീപ് എന്നിവർ റണ്ണേഴ്‌സപ്പായി.
ജില്ലാ കായികമേള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റർ സന്ദീപ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ഫുട്‌ബോൾ വിജയികൾക്കുള്ള സമ്മാനദാനം അടൂർ നഗരസഭാ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദും ബാഡ്മിന്റൺ വിജയികൾക്കുള്ള സമ്മാനദാനം ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറും നിർവഹിച്ചു. ബ്രദേഴ്‌സ് വൈസ് പ്രസിഡന്റ് ഷാനു ആർ.അമ്പാരി, ഫുട്‌ബോൾ അക്കാദമി ഡയറക്ടർ വി.ബിജു, സെക്രട്ടറി പി.ജയകുമാർ, എസ്.ബൈജു, കെ.സി.പ്രതീഷ്, വി.പ്രശാന്ത് കുമാർ, സജിൻ കൈതയ്ക്കൽ എന്നിവർ പങ്കെടുത്തു.