പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പേരിൽ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയും ബഹ്‌റിനിൽ തട്ടിക്കൂട്ട് സംഘടനയുണ്ടാക്കി 15 ലക്ഷത്തോളം പിരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. ഒരു വിഭാഗം ജില്ലാ ഭാരവാഹികൾ റാലിയിൽ നിന്നും വിട്ടു നിന്നു. സമ്മേളനത്തിന്റെ പേരിൽ പത്തനംതിട്ട ജില്ലയിൽ അങ്ങോളമിങ്ങോളം ജില്ലാ പ്രസിഡന്റ് വ്യാപക പിരിവാണ് നടത്തിയതെന്ന് ആക്ഷേപം. പക്ഷേ പിരിച്ച തുക ചിലവഴിച്ചിട്ടുമില്ല. അടുത്ത ജില്ലാ പ്രസിഡന്റാകാൻ തയ്യാറെടുക്കുന്ന റാന്നി നിയോജകമണ്ഡലം പ്രസിഡന്റിന്റെ മേൽ മുഴുവൻ ഭാരവും ജില്ലാ പ്രസിഡന്റ് കണ്ണൻ ഏൽപ്പിച്ചിരുന്നു. 25000, 50000 മുതൽ മുകളിലോട്ടാണ് റാന്നിയിലെ പിരിവ്. ബഹ്‌റിനിൽ നിന്ന് 15 ലക്ഷവും ജില്ലയിൽ നിന്ന് പത്ത് ലക്ഷവും ഉൾപ്പെടെ 25 ലക്ഷം രൂപയോളം ജില്ലാ പ്രസിഡന്റും ചാനൽ ചർച്ചയിലെ കോൺഗ്രസ് മുഖവുമായ യുവ നേതാവും കൂടി പോക്കറ്റിലാക്കിയെന്നാണ് അണിയറ സംസാരം.
സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന കൊടിമര, ദീപശിഖാ, ജാഥകൾ അമ്പേ പരാജയമായിരുന്നു. കോൺഗ്രസുകാരെ ഇറക്കി നിയോജകമണ്ഡലം റാലി നടത്തിയ അടൂരിൽ നിന്ന് ആരംഭിച്ച ദീപശിഖാ റാലിക്ക് 25 പേരിൽ കൂടുതൽ ഇല്ലായിരുന്നു. ഓമല്ലൂരിൽ നിന്നും ആരംഭിച്ച ഛായാച്ചിത്ര റാലിക്ക് മാത്രമാണ് ഭേദപ്പെട്ട ആൾക്കൂട്ടം ഉണ്ടായത്. ജാഥകൾ സംഗമിച്ച് റാന്നിയിൽ നടത്തിയ റോഡ് ഷോയിൽ നൂറിനു താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് നടന്ന ജില്ലാ റാലിക്ക് യാതൊരു മുന്നൊരുക്കവും ജില്ലാ പ്രസിഡന്റ് നടത്തിയിരുന്നില്ലെന്നു പ്രവർത്തകർ പറയുന്നു. സമ്മേളനം പ്രഖ്യാപിച്ചിട്ട് വിദേശത്ത് പോയ ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. അയ്യായിരം യുവജങ്ങൾ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട ജില്ലാ റാലിയിൽ കോൺഗ്രസുകാർ ഉൾപ്പെടെ മുന്നൂറ് പേരോളം മാത്രമാണ് പങ്കെടുത്തത്.
പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടിയിൽ യുവജന പങ്കാളിത്തം കുറഞ്ഞത് അദ്ദേഹത്തെയും ചൊടിപ്പിച്ചു. മേലിൽ ഇത്തരം പരിപാടിക്ക് തന്നെ വിളിക്കരുതെന്നു പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. ജില്ലാ സമ്മേളനത്തിന്റെ പ്രധാന പരിപാടിയായ മൂന്നാം ദിവസം നടക്കാനിരുന്ന പ്രതിനിധി സമ്മേളനം UDF പരിപാടിയുടെ പേര് പറഞ്ഞു റദ്ദാക്കിയതും പ്രവർത്തകരെ നിരാശരാക്കി. പണം ലാഭിക്കാനുള്ള എല്ലാ മാർഗവും ജില്ലാ പ്രസിഡന്റ് നോക്കുകയാണെന്നാണ് സംസാരം. ഏതായാലും മൂന്ന് ലക്ഷത്തിനുള്ളിൽ നിൽക്കുന്ന പരിപാടിക്ക് 25 ലക്ഷം പിരിച്ചു കീശയിലാക്കിയ ജില്ലാ, സംസ്ഥാന നേതാക്കൾക്കെതിരെ വൻ പ്രതിഷേധമാണ് ജില്ലയിൽ ഉയരുന്നത്.