പത്തനംതിട്ട : ഓഫീസിൽ സ്ഥാപിച്ച ബയോ കംപോസ്റ്റിൽ നിന്ന് തയ്യാറാക്കിയ ജൈവ വളം ജീവനക്കാർക്ക് തന്നെ വിറ്റ് ഉറവിട മാലിന്യ സംസ്കരണത്തിൻ്റെ അനുകരണീയ മാതൃക കാട്ടുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം. നഗരസഭയിലെ ഹരിത കർമ്മ സേനയുടെ സഹായത്തോടെയാണ് പ്രവർത്തനം വിജയകരമായി നടപ്പിലാക്കിയത്. ജൈവവള വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനം വിജയകരമാകാൻ വേണ്ടത് സാംസ്കാരികമായ മാറ്റമാണ്. എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്തം എന്നത് വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായി ഏറ്റെടുക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ ഓഫീസ് ഏറ്റെടുത്ത ഈ മാതൃകാപരമായ പ്രവർത്തനം മറ്റ് സർക്കാർ ഓഫീസുകൾക്ക് പ്രചോദനമാകുന്നതിന് പരമാവധി പ്രചരണം നൽകണം എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിൻ്റ് ഡയറക്ടർ രശ്മിമോൾ.കെ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ പി എന്നിവർ ചടങ്ങിൽ സന്ദേശം നൽകി. ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ക്ലീൻ സിറ്റി മാനേജർ വിനോദ്കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ ജി രാജ്കുമാർ, സീനിയർ സൂപ്രണ്ട് ബി.ജയരാജ് എന്നിവർ പ്രസംഗിച്ചു.
നഗരത്തിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും നിലവിൽ ജൈവ മാലിന്യ സംസ്കരണം ഒരു കീറാമുട്ടി ആണ്. എന്നാൽ ഇത് വിജയകരമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാർ ഒന്നാകെ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ആഫീസിൽ ബയോ കംപോസ്റ്റ് സ്ഥാപിച്ചു. തുടർന്ന് ഹരിതകർമ്മ സേന അംഗങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ ആഫീസ് സന്ദർശിക്കുകയും ഇനോക്കുലത്തിന്റെ ലഭ്യതയും ബയോ ബിൻ പ്രവർത്തനവും ഉറപ്പാക്കുകയും ചെയ്തു. തയ്യാറാക്കിയ ജൈവ വളം കവറുകളിലാക്കി ജീവനക്കാർക്ക് തന്നെ വിലയ്ക്ക് കൈമാറുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്. ഇങ്ങനെ ലഭ്യമാകുന്ന തുക ഈ പദ്ധതിയുടെ നടത്തിപ്പിന് ഉപയോഗിക്കാനാകും ഒപ്പം ഹരിതകർമ്മ സേന അംഗങ്ങൾക്ക് ചെറിയ തുക സർവ്വീസ് ചാർജ്ജായി നൽകി വരുമാനം ഉറപ്പാക്കാനും സാധിക്കും. ഹരിത സഹായ സ്ഥാപനമായ ഗ്രീൻ വില്ലേജിന്റെ മേൽനോട്ടത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്.