വെള്ളനാട് : വെള്ളനാട് പഞ്ചായത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചു തകര്‍ത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകര്‍ത്തത്. കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തില്‍ പേരില്ലാത്തതിലും ക്ഷുഭിതനായാണ് വെള്ളനാട് ശശി ശിലാഫലകം തകര്‍ത്തത്.
വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ നിര്‍മ്മാണം മുക്കാല്‍ ഭാഗമേ പൂര്‍ത്തിയായിരുന്നുള്ളൂ. അതിനാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂര്‍ പ്രകാശ് എം.പി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിച്ചു. പുതിയ ഭരണസമിതി അധികാരമേറ്റതോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.
എന്നാല്‍ ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം കൂടിയായ പഴയ പ്രസിഡന്റിനെ ക്ഷണിക്കുകയോ ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. ലളിതമായ ചടങ്ങായതിനാലാണ് ക്ഷണിക്കാത്തതെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയോടെ സബ് സെന്ററിലെത്തിയ വെള്ളനാട് ശശി ശിലാഫലകം അടിച്ചുതകര്‍ക്കുകയായിരുന്നു. ശശിക്കെതിരെ പഞ്ചായത്തധികൃതര്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി.