പത്തനംതിട്ട: ജില്ലാ ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട സെന്റ് മേരിസ് ഹൈസ്കൂളിൽ വെച്ച് ലഹരിവിരുദ്ധ സമ്മേളനവും സെമിനാറും നടന്നു. ജില്ലാ ശാസ്ത്ര വേദി പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത പ്രൊക്യുറേറ്റർ റവ ഫാ. ജിൻസ് മേപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ലഹരിയെന്ന വിപത്തിനെ അകറ്റി നിർത്തിയെങ്കിൽ മാത്രമേ കുടുംബങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്തുവാൻ സാധിക്കുവെന്നും സമൂഹത്തിൽ നടമാടുന്ന എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം തേടിച്ചെല്ലുമ്പോൾ ഏറെയും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് മനസിലാക്കുവാൻ സാധിക്കുമെന്നും അതിനെതിരെ ഒന്നായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം പറഞ്ഞു.
അഗപ്പെ ഡയറക്ടർ ഡോ. ജോൺ ജേക്കബ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് സതീഷ് പഴകുളം, ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ, പ്രധാനാദ്ധ്യാപകൻ സജു ഫിലിപ്പ്, പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡേവിഡ് കോശി, അങ്ങാടിക്കൽ വിജയകുമാർ, ബിനു കെ സാം, എലിസബത്ത് കെ സ്ലീബാ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശ കലാപരിപാടികളും നടന്നു.