ചാത്തന്നൂർ : ഓടയുടെ മൂടി തകർന്ന് മലിനജലം റോഡിൽക്കൂടി ഒഴുകുന്നതായി പരാതി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള പൊതു ചന്തയിലെ മലിനജലം ഒഴുക്കുന്ന ഓടയുടെ മൂടിയാണ് തകർന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ശ്രീഭൂതനാഥക്ഷേത്രം റോഡിലൂടെയാണ് മലിനജലം ഒഴുകുന്നത്. പഞ്ചായത്ത് ഓഫീസിനു മുന്നിലെ ഗേറ്റിനു സമീപത്താണ് ഓട പൊട്ടിയൊലിക്കുന്നത്.
നാട്ടുകാർ നിരവധിതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ക്ഷേത്രത്തിലേക്കും ദീപം ക്ലബ്ബ്, കല്ലുവെട്ടാംകുഴി, ആനന്ദഗിരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിലേക്കും നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. സ്കൂളുകൾ തുറന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ യാത്രക്കാരായുണ്ട്. ഈ മലിനജലം സാംക്രമികരോഗങ്ങൾ പരത്തുമെന്ന ഭീതിയുമുണ്ട്. പൊതുജനത്തിന് ഏറെ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഈ പ്രശ്നം കണ്ടില്ലെന്ന മട്ടിലാണ് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും.