പന്തളം : സി.പി.ഐ പന്തളം മണ്ഡലം സമ്മേളനം കഴിഞ്ഞതോടെ പാർട്ടിയിൽ വിഭാഗീയത ശക്തമാകുന്നു. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുകളാണ് പ്രാദേശിക ഘടകത്തിൽ എതിർപ്പുകൾക്ക് ഇടയാക്കുന്നത്.
തലമുതിർന്ന പല നേതാക്കളെയും രണ്ടു വർഷത്തിനിടെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. മുൻ ജില്ലാ സെക്രട്ടറി എ. പി ജയനെ പുറത്താക്കിയത് വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പിന്നീട് വനിത നേതാവിനെയും പുറത്താക്കി. ഇതിനിടയിൽ ജില്ല സി.പി.ഐയിൽ വിഭാഗീയത രൂക്ഷമാവുകയും ചെയ്തു. മണ്ഡലം സമ്മേളനങ്ങളിലും ഇത് പ്രതിഫലിക്കുകയാണ്. പന്തളത്ത് നടന്ന മണ്ഡലം സമ്മേളനത്തിൽ പന്തളത്തുകാരനായ എസ്. അജയകുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കാൻ തത്വത്തിൽ ധാരണയായതാണ്.
എന്നാൽ പന്തളത്തിന്റെ സമീപ പ്രദേശത്തുളള ബൈജുവിനെ സെക്രട്ടറിയായി ജില്ല നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. സമ്മേളനത്തിൽ തർക്കത്തിനിടയാക്കി തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നു കണ്ടതോടെ നേതൃത്വം ഇടപെടുകയായിരുന്നു. ജില്ലാ നേതൃത്വത്തിന്റെ പ്രവൃത്തികളിൽ അസംതൃപ്തരായ വലിയൊരു വിഭാഗം സജീവമാണ്. സമാന സംഭവങ്ങളാണ് അടൂർ മണ്ഡലം കമ്മിറ്റിയിലും സംഭവിച്ചത്. അടൂർ എം.എൽ.എയായ ഡെപ്യൂട്ടി സ്പീക്കർ പന്തളത്തെ പ്രാദേശിക കാര്യങ്ങളിലും വികസന കാര്യങ്ങളിലും കാര്യമായി ശ്രദ്ധിക്കുന്നില്ല എന്ന വിമർശനവും ശക്തമാണ്.