തിരുവനന്തപുരം : വിവാഹമോചനക്കേസ് നല്‍കിയതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് പള്ളിച്ചല്‍, നരുവാമൂട്, മുക്കുനട, സോനു നിവാസില്‍ കുമാര്‍ (48) കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഇന്ന് വിധിക്കും. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. നേമം സ്വദേശിനി സുസ്മിത (36) ആണ് കൊല്ലപ്പെട്ടത്. 2016 ജൂണ്‍ അഞ്ചിനാണ് സംഭവം. വിമുക്തഭടനാണ് കുമാര്‍. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്.
ബന്ധം തുടരാനാവില്ലെന്ന് വന്നതോടെ വിവാഹമോചനത്തിന് കേസ് കൊടുത്തു. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കോടതി സുസ്മിതയ്ക്കൊപ്പം വിട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും മക്കളെ കുമാറിന്റെ കൂടെവിടാനും കോടതി നിര്‍ദേശിച്ചു. നേമം ശിവന്‍കോവിലിനു സമീപം വെച്ചാണ് കുട്ടികളെ കൈമാറിയിരുന്നത്. എന്നാല്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി നേമം ശിവന്‍കോവിലിനു സമീപം കാത്തുനിന്ന സുസ്മിതയെ കുമാര്‍ കത്തികൊണ്ട് 21 പ്രാവശ്യം കുത്തി. ഇയാളെ നാട്ടുകാര്‍ പിടികൂടിയാണ് നേമം പോലീസില്‍ ഏല്‍പ്പിച്ചത്. മക്കളായ സന്ദീപും വൈഷ്ണവിയും കോടതിയില്‍ കുമാറിനെതിരേ മൊഴിനല്‍കി.