പത്തനംതിട്ട : കാടിന്റെ മക്കളുടെ ദുരിതങ്ങൾ അറിയാനാണ് മന്ത്രി കെ രാധാകൃഷ്ണനും കോന്നി എം.എല്‍.എ കെ.യു.ജനീഷ് കുമാറും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യറും ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനിയിൽ എത്തിയത്. കോളനി നിവാസികള്‍ അവരുടെ ദുരിതങ്ങൾ ഓരോന്നായി മന്ത്രിയോട് നിരത്തുകയും ചെയ്തു. എന്നാൽ ഇതൊന്നുമല്ല സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മന്ത്രിയും എംഎൽഎയും ജില്ലാ കളക്ടറും കോളനിയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതാണ് വൈറലായത്. ചിത്രത്തിൽ വീടിന്റെ പടിയില്‍ ഇരുന്ന് ആഹാരം കഴിക്കുന്ന പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യറെയാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കിയത്.
ഈ ചിത്രത്തെ ന്യായീകരിച്ചും വിമർശനമുയർത്തിയും നിരവധിപേർ രംഗത്ത് വന്നിരുന്നു. എന്തുകൊണ്ട് ഐ.എ.എസ് പദവി അലങ്കരിക്കുന്ന കളക്ടർക്ക് അതും ഒരു വനിതക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ ഒരു കസേര നൽകിയില്ല എന്നതാണ് ഇതിലെല്ലാം പ്രധാന ചോദ്യമായി ഉയർന്ന് വന്നത്. ഈ സ്ഥാനത്ത് ഒരു പുരുഷനായിരുന്നു എങ്കിൽ തീർച്ചയായും ഈ പരിപാടിയുടെ സംഘാടകരായ ഉദ്യോഗസ്ഥര്‍ അവർക്ക് കസേര അനുവദിക്കുമായിരുന്നു. ജില്ലയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കളക്ടറെ മനപൂര്‍വ്വം അപമാനിക്കുകയായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം റവന്യൂ വകുപ്പിന് തന്നെയാണ്. കോണ്‍ഗ്രസ് നേതാവ് ശബരീ നാഥിന്റെ ഭാര്യയെ നിലത്തിരുത്തുവാന്‍ ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവര്‍ കരുതിക്കൂട്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് നെറികെട്ട രാഷ്ട്രീയ പകപോക്കലാണ്. ഇതിനെയാണോ സ്ത്രീശാക്തീകരണം എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്.
അഞ്ചു വർഷത്തിൽ ഒരിക്കൽ കിരീടവും ചെങ്കോലുമായി എത്തുന്ന നാട്ടു രാജാക്കന്മാരേക്കാള്‍ എന്തുകൊണ്ടും ആദരിക്കപ്പെടാന്‍ അര്‍ഹത ജില്ലാ കളക്ടര്‍മാര്‍ക്കുണ്ട്. മന്ത്രി കെ രാധാകൃഷ്ണനും കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്കുമൊപ്പം ഇരിക്കുന്ന ജനപ്രതിനിധിക്കും കസേര നൽകാമെങ്കിൽ കളക്ടർക്കും ഒരു കസേര നൽകാമായിരുന്നു. സന്ദര്‍ശന സംഘത്തില്‍ എത്രപേരുണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാവുന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ മനപൂര്‍വ്വമായ വീഴ്ച വരുത്തിയതാകാം. മന്ത്രി ജില്ലയില്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ കളക്ടര്‍ ഒപ്പമുണ്ടാകും. ഇത് അറിയാന്‍ പാടില്ലാത്ത ആരും റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നില്ല. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി ഭക്ഷണം എത്തിച്ചപ്പോള്‍ അത് അവിടുത്തെ പട്ടിണിപ്പാവങ്ങള്‍ക്കുകൂടി നല്‍കാമായിരുന്നു. അതിനും ആരും തുനിഞ്ഞില്ല. പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്നവരെ സഹായിക്കുന്നതില്‍ ഉപരി അവരെ സഹായിച്ചെന്നു വരുത്തി തീര്‍ക്കുവാനാണ് പലപ്പോഴും വ്യഗ്രത. അതാണ് ഇവിടെയും സംഭവിച്ചത്. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ, ആര് ഭരിച്ചാലും അതിനപ്പുറം ഒന്നും ഇവിടെ സംഭവിക്കില്ല.
ഇതിന്റെ മറുവശംകൂടി വിശകലനം ചെയ്‌താല്‍ വിഷയം മറ്റൊന്നാകും. പ്രശസ്തി ആർജ്ജിക്കുന്നതിന് വേണ്ടി കളക്ടർ സ്വയം ഇത്തരത്തിൽ ചെയ്തതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം പി ആർ വർക്കിന്റെ ഭാഗമായി മന്ത്രിമാരും കളക്ടർമാരും ഇത്തരത്തിൽ പലതും കാണിച്ചുകൂട്ടാറുണ്ട്. മുന്‍ ജില്ലാ കളക്ടര്‍ പി. ബി നൂഹും ജെനീഷ് കുമാര്‍ എം.എല്‍.എയും ആവണിപ്പാറ ഗിരിജന്‍ കോളനിയിലേക്ക് ഭക്ഷണസാധനങ്ങള്‍ ചുമ്മിക്കൊണ്ട് പോയ ചിത്രം ഏറെ വൈറല്‍ ആയിരുന്നു. അച്ചന്‍കോവിലാറിലെ മുട്ടറ്റം വെള്ളത്തിലൂടെ പായല്‍ പിടിച്ച പാറയിലൂടെ തോളില്‍ അരിച്ചാക്കുമായി എത്തിയ ജില്ലാ കളക്ടറെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. എന്നാല്‍ ഇതിന്റെ പിന്നാമ്പുറ കഥകള്‍ ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഇപ്പോഴത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മുന്‍ കളക്ടര്‍ പി.ബി.നൂഹിന്റെ വഴി തെരഞ്ഞെടുത്തതാണോ എന്നാണ് ഇപ്പോള്‍ സംശയം. തനിക്ക് കസേര ഇല്ലാതിരുന്നതിനാൽ ഒരു പേപ്പർ പോലും വിരിക്കാതെ പൊടിയും ചെളിയും പിടിച്ച പടിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു ചെറിയ കാര്യമല്ല. സാധാരണക്കാരായ ജനങ്ങൾ അല്ലെങ്കിൽ നിഷ്കളങ്കരായ ആദിവാദി ഊരുകളിലെ ജനങ്ങൾ വളരെ ആദരവോടെയും അതിശയത്തോടെയുമാണ് ഇതിനെ കാണുന്നത്. എന്നാല്‍ ഇവർ ആദിവാസി കോളനിയിലെ ജനങ്ങൾക്കൊപ്പം ഇരുന്ന് കഴിക്കുകയോ അല്ലെങ്കിൽ അവർക്ക് കൂടി ഭക്ഷണം നൽകുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ മന്ത്രി ഉള്‍പ്പെട്ട സംഘം കോളനിയിലെ മിക്ക വീടുകളിലും കയറിയിറങ്ങി ഓരോ കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾ വിലയിരുത്തി. വൈദ്യുതി ഇല്ലാത്ത വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനെപ്പറ്റി ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആരാഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യതയും ചോദിച്ച് മനസ്സിലാക്കി. ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനും പോഷകാഹാര കുറവ് നികത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വന്യ മൃഗങ്ങളുടെ ഭീഷണിയിൽ നിന്ന് സംരക്ഷണം ഉറപ്പ് വരുത്താൻ കോളനിക്കു ചുറ്റും സംരക്ഷണ വേലി നിർമ്മിക്കുന്നതിനെപ്പറ്റി ഡിഎഫ്ഒയോടു ചോദിച്ചറിഞ്ഞു. മൂഴിയാറിൽ ഒഴിഞ്ഞ് കിടക്കുന്ന വൈദ്യുതി ബോർഡിന്റെ ക്വാർട്ടേഴ്സുകൾ വൃത്തിയാക്കിയാൽ അതിൽ താമസിക്കാമോ എന്നും ആദിവാസികളോട് മന്ത്രി ചോദിച്ചിരുന്നു.