ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ (97) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 43 വര്‍ഷമായി ഡി എം കെ യില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്നത്തെത്തുടര്‍ന് ഒരു വര്‍ഷത്തോളമായി സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അന്‍പഴകന്‍.
ഡി.എം.കെ.യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന അന്‍പഴകന്‍ 1977 മുതല്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കോളേജ് അധ്യാപകന്‍ കൂടിയായിരുന്നു.
അന്തരിച്ച ഡി.എം.കെ. മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍. ഇദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം നടത്തുമെന്ന് ഡി എം കെ പ്രസിഡന്റ് എം .കെ സ്റ്റാലിന്‍ അറിയിച്ചു.