ചെന്നൈ : രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമർശത്തെ തുടർന്നാണ് നടപടി. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ ലോക്സഭാ എം പി ദയാനിധി മാരന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്തേക്കും.
മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമർശമാണ് വിവാദമായത്. എന്നാൽ അണ്ണാഡിഎംകെ നേതാക്കൾക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നാണ് ആർ എസ് ഭാരതിയുടെ ആരോപണം. പോലീസിനെ ഉപയോഗിച്ച് അണ്ണാഡിഎംകെ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.