ബംഗളൂരു: വിനോദയാത്രക്കിടെ നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. കർണാടക കൊപ്പലിലാണ് സംഭവം. ഹൈദരാബാദ് സ്വദേശി അനന്യ മോഹൻ റാവു(26)വിനെയാണ് ഇന്നലെ കാണാതായത്. അനന്യ നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ബുധനാഴ്ച അനന്യ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സനാപൂറിലെ തുംഗഭദ്ര നദിയുടെ സമീപ പ്രദേശത്തേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. രാവിലെ 8:30 ഓടെ നദിയിൽ നീന്താൻ മൂന്ന് പേരും തീരുമാനിക്കുകയായിരുന്നു. അണക്കെട്ട് തുറന്നുവിട്ടതിനാൽ ശക്തമായ നീരൊഴുക്ക് കാരണം നദിയിലേക്ക് ചാടരുതെന്ന് അറിയിച്ചിരുന്നതായാണ് സംഘാടകർ പറഞ്ഞത്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് ലൈഫ് ജാക്കറ്റ് ധരിക്കാതെയാണ് അനന്യ നദിയിലേക്ക് ചാടിയത്. 20 അടി ഉയരത്തിൽ നിന്ന് നദിയിലേക്ക് ചാടിയ അനന്യയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
അനന്യ പാറയിൽ നിന്ന് നദിയിലേക്ക് ചാടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തിരച്ചിലിനായി സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്. അണ്ടർവാട്ടർ ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ. തിരച്ചിൽ നടക്കുന്നതിനാൽ നദിയിലെ കോറക്കിൾ റൈഡും നീന്തലും ഉൾപ്പെടെയുള്ള മറ്റ് എല്ലാ ജല പ്രവർത്തനങ്ങളും നിർത്തിവച്ചു.