കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒമ്പതിന് ഡോക്ടർ കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാന വ്യാപകമായി തുടങ്ങിയ സമരം കാരണം ആശുപത്രി പ്രവർത്തനം പലതും സ്തംഭിച്ചിരുന്നു. സുരക്ഷിതത്വം സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വീണ്ടും സമരത്തിനിറങ്ങിയത്.
ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് 42 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് സെപ്റ്റംബർ 21 മുതൽ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു. ആഴ്ചകളായി പണിമുടക്കുന്ന ജൂനിയർ ഡോക്ടർമാരുടെ അവസ്ഥക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് നിരാഹാര സമരം നടത്തുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി. ന്യായമായ ചികിത്സക്കും മെച്ചപ്പെട്ട സാഹചര്യങ്ങൾക്കുമുള്ള പോരാട്ടത്തിൽ മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ ഐക്യം ഉയർത്തിക്കാട്ടുന്നതിനായി രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരോട് സമരത്തിൽ പങ്കെടുക്കാനും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.