പനാജി : നടുവേദനയുമായി എത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഭര്‍ത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. ഈ സമയം ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാന്റ് മാറ്റിയശേഷം യുവതിയോട് പരിശോധനമുറിയിലെ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. അടികിട്ടിയതോടെ കാറില്‍ കയറി ഡോക്ടര്‍ സ്ഥലം വിട്ടു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.