തിരുവനന്തപുരം : ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 മുതൽ അനിശ്ചിതകാല നിൽപ്പ് സമരം പുനരാരംഭിക്കും. രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
കൊവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. റിസ്ക് അലവൻസ് നൽകിയില്ല. ശമ്പള പരിഷ്കരണം വന്നപ്പോൾ ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്ടർമാർ ആരോപിക്കുന്നു. കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാതായതോടെയാണ് സമരം.
നവംബർ ഒന്ന് മുതൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച നിൽപ്പ് സമരം സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രോഗീപരിചരണത്തെ ബാധിക്കാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും.
മറ്റ് മേഖലകളിൽ പുതിയ തസ്തികൾക്ക് വേണ്ടി ഉയർന്ന ശമ്പള സ്കെയിലുകൾ നിർണ്ണയിക്കുവാൻ സാമ്പത്തിക ബാധ്യതയോ, ധനസ്ഥിതിയോ തടസ്സമാക്കാത്ത സർക്കാർ, മഹാമാരികൾ തുടർക്കഥയാകുന്ന ഈ കാലത്ത് സ്വന്തം ആരോഗ്യം തൃണവത്കരിച്ച് ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുകയാണ്.
അതീവ അപകടകരവും ദുർഘടവുമായ സാഹചര്യങ്ങളിൽ സേവനം ചെയ്യുന്ന ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് അവരുടെ ജോലി ഭാരത്തിനും വിദ്യാഭ്യാസ യോഗ്യതയ്ക്കുമനുസരിച്ച് അർഹമായ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനും വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനുമായി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ഏറ്റവും ന്യായമായ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം എന്നും സംഘടന ആവശ്യപ്പെടുന്നു.