പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വൈകുന്നുവെന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടല്‍. ഇക്കാര്യം പരിശോധിക്കാന്‍ പത്തനംതിട്ട ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ 8 മണിക്ക് ആശുപത്രിയില്‍ എത്തുന്നതിന് പകരം 9.30ന് ഒപി സമയം ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ടോക്കണ്‍ എടുക്കാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒ.പി കൃത്യസമയത്ത് നടക്കണം. അതില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്‍പേഷ്യന്റിനെ കാണുന്നത് പോലുള്ള ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ മറ്റുസ്ഥലങ്ങളില്‍ ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഒപി സമയം 8 മണിക്ക് പകരം 9.30ന് ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കര്‍ശന നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.