പാലക്കാട്: മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശമുണ്ട്. ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ മാത്രമേ കുറിപ്പടി എഴുതാവൂ എന്നാണ് നിര്‍ദേശം. എന്നാല്‍ മിക്ക ഡോക്ടര്‍മാരും ഇപ്പോഴും വായിച്ചാല്‍ മനസ്സിലാകാത്തരീതിയിലാണ് മരുന്നിന്റെ കുറിപ്പടി എഴുതുന്നത്.
2014-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം കൈയക്ഷരം തിരിച്ചറിയാതെ മരുന്നുമാറിനല്‍കി അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വായിക്കാവുന്നരീതിയില്‍ അച്ചടിച്ച മരുന്ന് കുറിപ്പടി നല്‍കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് മിക്കപ്പോഴും ബാധകമല്ല. രോഗികളുടെ തിരക്കുകാരണമാണ് പലപ്പോഴും നിര്‍ദേശിച്ചരീതിയില്‍ കുറിപ്പടി എഴുതാന്‍ സാധിക്കാത്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു രോഗിയെ പരിശോധിക്കാന്‍പോലും രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറിപ്പടി വൃത്തിയായി എഴുതാന്‍കൂടി സമയമെടുക്കുക എന്നത് പ്രായോഗികമല്ലെന്നും ഇവര്‍ പറയുന്നു.
ഡോക്ടര്‍മാരുടെ വ്യക്തമല്ലാത്ത കുറിപ്പടികാരണം ഫാര്‍മസിസ്റ്റുകള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഒരക്ഷരം മാറിയാല്‍ത്തന്നെ മരുന്ന് മാറിപ്പോകാവുന്ന സ്ഥിതിയുണ്ടെന്നും ഇത്തരത്തില്‍ മരുന്നുമാറിനല്‍കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. കണ്ടുപരിചയമുള്ള കുറിപ്പടിയാണെങ്കില്‍പ്പോലും ചിലപ്പോള്‍ വായിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് രോഗികളോട് എന്താണ് അസുഖമെന്ന് ചോദിച്ചാണ് പലപ്പോഴും എഴുതിയമരുന്ന് തിരിച്ചറിയുന്നത്. തിരക്കേറിയ സമയങ്ങളില്‍ ഇത് പ്രായോഗികമല്ല. മരുന്നു കുറിപ്പടികള്‍ വ്യക്തമല്ലാതെ എഴുതുന്നത് ഗൗരവമേറിയ പ്രശ്നമാണെന്ന് കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി. സതീശന്‍ പറഞ്ഞു.
വായിക്കാന്‍ കഴിയാത്ത രീതിയിലുള്ള മരുന്നുകുറിപ്പടി നിങ്ങള്‍ക്ക് ലഭിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാം. പരാതി ലഭിച്ചില്ലെങ്കിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് ഡോക്ടര്‍മാരുടെ കുറിപ്പടി പരിശോധിച്ച് കൈയക്ഷര വ്യക്തത ഉറപ്പുവരുത്താം.