തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ സ്തംഭിച്ച് സംസ്ഥാനത്തെ ആശുപത്രികള്‍. ഡോക്ടര്‍മാരുടെ സമരത്തോടെ ചികിത്സ കിട്ടാതെ വലഞ്ഞിരിക്കുകയാണ് രോഗികള്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ കൂട്ടമായി പണിമുടക്കിയത്. വൈകിട്ട് ആറ് മണി വരെയാണ് സമരം. ഇതോടെ മെഡിക്കല്‍ കോളജുകളില്‍ അടക്കം ഒപി മുടങ്ങി. പല ആശുപത്രികളിലും ചികിത്സ കിട്ടാതെ മിക്ക രോഗികളും മടങ്ങി. സ്വകാര്യ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്. അത്യാഹിതം ഒഴികെയുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചില്ല.
എഎംഎ സംസ്ഥാന ഘടകം, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, സ്റ്റുഡന്റ്‌സ് യൂണിയനുകള്‍ എന്നിവരെല്ലാം പണിമുടക്കില്‍ അണിനിരന്നു. പണിമുടക്കിയ ഡോക്ടര്‍മാര്‍ എല്ലാ ജില്ലകളിലും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. ഐഎംഎയുടെ നേതൃത്ത്വത്തിലായിരുന്നു ധര്‍ണ. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.