ദില്ലി : കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചുമെല്ലാം കൊവിഡിനെ ചെറുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. വൈറസ് വ്യാപനം വളരെ ഉയർന്ന നിലയിൽ ആയതിനാൽ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
കൊവിഡിന്റെ മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയില്‍ ധാരാളം റിപ്പോർട്ടുകൾ വരുന്നു. കുട്ടികൾക്ക് കൊവിഡ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല, അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളെ പ്രകടമാകൂവെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികൾക്ക് പ്രതിരോധശേഷി ഉള്ളതിനാൽ വെെറസ് ബാധ ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാലും കൊവിഡിന്റെ മൂന്നാം തരംഗത്തിൽ രക്ഷിതാക്കൾ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കുട്ടികളിലെ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ഡോ. വികെ പോൾ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തിൽ വെെറസ് ബാധ കുട്ടികളെയാണ് ബാധിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പീഡിയാട്രിക്സ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. ഇത് കുട്ടികളെ ബാധിച്ചേക്കില്ല അതിനാൽ ആളുകൾ ഭയപ്പെടരുതെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികൾക്ക് നേരിയ തോതിലുള്ള അണുബാധ മാത്രമേ ഉണ്ടാകൂ എന്നാണ് മനസിലാക്കുന്നത്. മൂന്നാം തരംഗത്തിൽ കുട്ടികളെയാണ് കൊവിഡ് കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു.