പത്തനംതിട്ട : പന്തളം മങ്ങാരം സ്വദേശിനി ബിൻസി മാവേലിക്കരയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഭർതൃമാതാവ് ബിൻസിയെ മാനസികമായി പീഡിപ്പിക്കുന്നതും ഭർത്താവ് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് അപമാനിക്കുന്നതുമായി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരിക്കുന്നതിന് മുൻപ് ബിൻസി തന്നെയാണ് തനിക്ക് നേരിട്ട അനുഭവങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ വീഡിയോ മരണശേഷമാണ് ബിൻസിയുടെ വീട്ടുകാർക്ക് കണ്ടെത്താനായത്. അന്ന് മുതൽ മകളുടെ മരണത്തിന് കരാണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാവേലിക്കര പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ കുടുംബം.
ഒടുവിൽ ഈ ദൃശ്യങ്ങളും പോലീസിന് നൽകി. പക്ഷെ യാതൊരുനടപടിയും ഉണ്ടായില്ല. തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും ബിൻസിയെ അപകടപ്പെടുത്തിയതാണെന്നും അച്ഛൻ പറയുന്നു. ‘ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോകാറുണ്ട്. പക്ഷേ ഫോറൻസിക് റിപ്പോർട്ട് വരട്ടെയെന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴാണ് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ കിട്ടുന്നത്. പക്ഷേ പോലീസ് നടപടിയൊന്നും എടുക്കുന്നില്ല’- അച്ഛൻ പറയുന്നു. സ്ത്രീധനം കൂടുതൽ ചോദിച്ച് ബിൻസിയെ ഭർത്താവ് ജിജോ മർദിക്കുന്നത് പതിവായിരുന്നുവെന്ന് ബിൻസിയുടെ സഹോദരൻ പറഞ്ഞു. ‘ബിൻസിയെ കഴുത്തിന് പിടിച്ച് ഭിത്തിയിൽ പൊക്കി നിർത്തി താഴോട്ട് ഇടും. അവിടുന്ന് പിന്നെയുമിടുത്ത്, ഇത് പോലെ ചെയ്യും. ഇങ്ങനെ മർദിക്കുന്നത് ഒരു ഹരമായിരുന്നു’- സഹോദരൻ പറഞ്ഞു.
ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് മകളെ വീട്ടിലേക്ക് കൊണ്ടുപോന്നതാണെന്നും, ചർച്ചകൾക്ക് ശേഷമാണ് വീണ്ടും മാവേലിക്കരയിലേക്ക് വിട്ടതെന്നും ബിൻസിയുടെ പിതാവ് പറഞ്ഞു. ഗാർഹിക പീഡനത്തിന് ഏറ്റവും പ്രധാനപ്പെട്ട തെളിവ് പോലീസിന് കൈമാറിയിട്ട് പോലും മാവേലിക്കര പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ കുടുംബം പറയുന്നു.