കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡോളര്‍ കടത്തില്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് അടിയന്തരമായി തങ്ങള്‍ക്ക് നല്‍കണം. ലൈഫ് മിഷന്‍ കേസ് അന്വേഷണത്തില്‍ ഇവരുടെ മൊഴികള്‍ നിര്‍ണായകമാണെന്ന് ഇഡി അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴയാണ് പിന്നീട് ഡോളറാക്കി മാറ്റിയത്. അതിനാല്‍ ലൈഫ് മിഷന്‍ കേസില്‍ ഇവരെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ഡോളര്‍ കടത്തില്‍ ഇവര്‍ നല്‍കിയ മൊഴി പരിശോധിക്കണമെന്നും ഇ.ഡി പറയുന്നു.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് നിര്‍ണായകമായ മൊഴി നല്‍കിയ വിവരം ഇന്നലെ കോടതിയില്‍ കസ്‌റ്രംസ് സമര്‍പ്പിച്ച സത്യാവാങ്‌മൂലത്തിലാണുളളത്. സ്‌പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നും സത്യവാങ്‌മൂലത്തിലുണ്ട്. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും ഇതില്‍ പറയുന്നു. ഡോളര്‍ കടത്ത് മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും പല ഉന്നതര്‍ക്കും കമ്മീഷന്‍ ലഭിച്ചെന്നും കസ്‌റ്റംസിന് സ്വപ്‌ന രഹസ്യമൊഴി നല്‍കി. ജയിലില്‍ വച്ച് സ്വപ്‌നയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പും കസ്‌റ്റംസും തമ്മില്‍ തര്‍ക്കമുണ്ട്. ഇതിന്റെ ഹര്‍ജിയുടെ ഭാഗമായാണ് കോടതിയില്‍ കസ്‌റ്റംസ് നിര്‍ണായക സത്യവാങ്‌മൂലം നല്‍കിയത്.