കൊച്ചി : കസ്റ്റംസ് രജിസ്റ്റർചെയ്ത ഡോളർക്കടത്ത് കേസിലും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ പ്രതിചേർത്തേക്കും. കസ്റ്റംസ് കസ്റ്റഡിയിലുള്ള ശിവശങ്കർ, സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ കൊച്ചി ഓഫീസിൽ ഒരുമിച്ച് ചോദ്യംചെയ്യാൻ തുടങ്ങി. സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഡോളർക്കടത്തിന് സഹായിച്ചവർ ആരൊക്കെയെന്ന മൊഴിയാണ് സ്വപ്നയിൽനിന്നും സരിത്തിൽനിന്നും കസ്റ്റംസ് എടുക്കുന്നത്.
ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റാൻ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. സ്വർണക്കടത്ത് ശിവശങ്കർ അറിഞ്ഞിരുന്നു സഹായിച്ചിരുന്നു എന്ന സ്വപ്‌നയുടെ മൊഴികളുടെ അടിസ്ഥാനത്തിലും ചോദ്യംചെയ്യുന്നുണ്ട്. എന്നാൽ സ്വപ്‌നയുടെ മൊഴികൾ ശിവശങ്കർ നിഷേധിക്കുകയാണ്. ഡോളർക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്.