ന്യൂഡല്‍ഹി : മേയില്‍ ആഭ്യന്തര വിമാനസര്‍വീസ് ആരംഭിച്ചതു മുതല്‍ യാത്ര ചെയ്തവരില്‍ 1500 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്ത് എത്തിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ എത്ര യാത്രക്കാരെ പരിശോധനയ്ക്കു വിധേയരാക്കിയെന്നു വ്യക്തമല്ല. മേയ് 25 മുതല്‍ ജൂണ്‍ 30 വരെ 45 ലക്ഷത്തോളം പേരാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ യാത്ര ചെയ്തത്. എന്നാല്‍ പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, ത്രിപുര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുത്തവര്‍ക്കു മാത്രമാണു പരിശോധന നടത്തിയത്.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ബംഗാള്‍ എന്നിവിടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്കു മാത്രമേ പരിശോധന നടത്തിയിട്ടുള്ളു. കോവിഡ് പോസിറ്റീവ് ആയ പല യാത്രക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ജമ്മു കശ്മീര്‍ പോലെ ചില സംസ്ഥാനങ്ങള്‍ മാത്രമാണു യാത്രികരെ നിര്‍ബന്ധമായി പരിശോധിക്കുന്നത്. മുഴുവന്‍ യാത്രികരെയും പരിശോധിച്ചിരുന്ന കോയമ്പത്തൂരില്‍ ഇപ്പോള്‍ എത്തുന്നവരോടു നിര്‍ബന്ധിത ക്വറന്റീനില്‍ പോകാനാണ് ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് തമിഴ്‌നാട്ടിലേക്കു വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. കര്‍ണാടകയില്‍ രോഗലക്ഷണം ഉള്ളവര്‍ക്കും ക്വാറന്റീന്‍ ഇളവ് ആവശ്യപ്പെടുന്നവര്‍ക്കുമാണ് പരിശോധന നടത്തുന്നത്.