തിരുവനന്തപുരം : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം ശാസ്തവട്ടം ജംഗ്‌ഷന് സമീപം മങ്ങാട്ടുകോണം റോഡിലാണ് കൊടുംക്രൂരത നടന്നത്. നെടുമങ്ങാട് ഇരിഞ്ചയം മീന്‍മൂട് കിഴക്കുകര പുത്തന്‍വീട്ടില്‍ രാധയുടെ മകള്‍ ഷീബ എന്നുവിളിക്കുന്ന പ്രഭ (37)യാണ് കൊല്ലപ്പെട്ടത്. പ്രഭയുടെ ഭര്‍ത്താവ് മങ്ങാട്ടുകോണം മഠത്തിന്മേലെ തടത്തരികത്ത് രേഷ്മാ ഭവനില്‍ സുരേഷ് എന്നുവിളിക്കുന്ന സെല്‍വരാജിനെ (44) സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.
സെല്‍വരാജിന്റെ ആദ്യഭാര്യ പിണങ്ങിപ്പോയ ശേഷം പത്തുവര്‍ഷം മുമ്പാണ് പ്രഭയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആറും നാലും വയസുള്ള മക്കളുണ്ട്. സെല്‍വരാജിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുകയായിരുന്ന ഇവര്‍ എട്ടുമാസമായി താമസം മാറി ഇരിഞ്ചയത്തെക്ക് പോവുകയായിരുന്നു.
മങ്ങാട്ടുകോണത്ത് മൂന്നുവര്‍ഷമായി വീട്ടുജോലി നോക്കുന്ന പ്രഭ, താമസം മാറിയിട്ടും ഇവിടെ വന്ന് ജോലി ചെയ്തു മടങ്ങുക പതിവായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 20ന് ഇരിഞ്ചയത്ത് നിന്ന് പ്രഭയുമായി പിണങ്ങി മങ്ങാട്ടുകോണത്തെ വീട്ടില്‍ അമ്മയോടൊപ്പം കഴിയുകയായിരുന്നു സെല്‍വരാജ്. രണ്ട് ദിവസം മുമ്പ് പ്രഭ ജോലിചെയ്യുന്ന വീട്ടിലെത്തി സെല്‍വരാജ് വഴക്കിടുകയും വീട്ടുടമസ്ഥര്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ മടങ്ങി പോവുകയുമായിരുന്നു.
ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞു ശാസ്തവട്ടത്തേക്ക് ബസ് കയറാനായി പ്രഭ നടന്നുപോകുമ്പോള്‍ വഴിയില്‍ കാത്തുനിന്ന് തുണികൊണ്ട് വായ പൊത്തിപ്പിടിച്ച് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു. കൊലപാതകത്തിനായി പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയേയാണ് പ്രഭ മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.