തൃപ്പൂണിത്തുറ: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സംഭവത്തില്‍ യുവാവിന്റെ അനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എരൂര്‍ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂര്‍ കുളങ്ങരത്തറ സുധീഷിന്റെ മകന്‍ സുമേഷ് (27) ആണ് മരിച്ചത്. അനുജന്‍ സുനീഷാണ് (24) സുമേഷിനെ കുത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവം നടന്ന സമയം വീട്ടില്‍ മാറ്റാരുമുണ്ടായിരുന്നില്ല. വഴക്കിനെ തുടര്‍ന്ന് സുനീഷ് കത്തിയെടുത്ത് സുമേഷിനെ കുത്തുകയായിരുന്നു.
പോലീസെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വലതു നെഞ്ചിനു താഴെ ആഴത്തില്‍ കുത്തേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറയുന്നു. മരിച്ച സുമേഷ് ഓട്ടോ ഡ്രൈവറാണ്. സുനീഷ് പെയിന്‍റിങ് തൊഴിലാളിയാണ്. മൂന്ന് മാസം മുമ്പാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം എരൂരില്‍ താമസം തുടങ്ങിയത്.