കൊല്ലം : എം.എൽ.എയും നടനുമായ എം.മുകേഷിൽനിന്ന് നർത്തകിയും ഭാര്യയുമായ മേതിൽ ദേവിക വിവാഹമോചനം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബിന്ദുവിന്റെ പ്രതികരണം. കഴിഞ്ഞദിവസമാണ് മുകേഷിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മേതിൽ ദേവിക കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പും സ്വമേധയാ കേസ് എടുക്കാൻ വനിതാ കമ്മിഷനും തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുൻഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണെന്നും അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്നും ബിന്ദു കൃഷ്ണ കുറിപ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു.
അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല- ബിന്ദു കൃഷ്ണ കുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷ് പരാജയപ്പെടുത്തിയത് ബിന്ദുവിനെ ആയിരുന്നു.