കൊച്ചി : തൃക്കാക്കരയില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും എന്നാല്‍ ഭൂരിപക്ഷം കുറയുമെന്നും യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. 5000 മുതല്‍ 8000 വോട്ട് ഭൂരിപക്ഷം എന്തായാലും കിട്ടും. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ഭൂരിപക്ഷത്തിലും കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിന് 50,000ല്‍ അധികം വോട്ട് ലഭിക്കില്ല. ബി.ജെ.പിക്ക് പരമാവധി 17,000 വോട്ട് മാത്രമേ കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറില്ല. രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യക്കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ട്വന്‍റി-ട്വന്‍റിക്കും വി ഫോറിനും വോട്ട് ചെയ്ത പതിനായിരത്തോളം പേര്‍ ഇത്തവണ വന്നിട്ടില്ലെന്നും യു.ഡി.എഫ് ജില്ല കണ്‍വീനര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്.
68.75 ശതമാനമാണ് ആകെ നടന്ന പോളിങ്. തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. പോളിങ് ശതമാനം കുറഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരിക്കുകയാണ്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കരയില്‍ ഇത്തവണ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.