വാഷിങ്ടണ്‍: ഒക്ടോബര്‍ 27-ന് ഇസ്രായേലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ പിന്തുണക്കണമെന്ന ആവശ്യത്തെ പിന്തുണക്കാന്‍ വിസമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അത്തരം രാഷ്ട്രീയങ്ങളില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേലിന്റെ പ്രതിരോധം മാത്രമാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ടൈം മാഗസിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.പൊതുതെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് ഒരു അവസരം കൂടി നല്‍കാമായിരുന്നില്ലേയെന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ താന്‍ തല്‍പ്പരനല്ലെന്നായിരുന്നു മറുപടി. ‘ഇസ്രായേലിലും യുഎസിലും ഞങ്ങള്‍ക്ക് ആവശ്യത്തിലധികം ജനപ്രീതിയുണ്ട്.
അതങ്ങനെ തന്നെ പോകട്ടെ. നിലവില്‍ മറ്റ് രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ ഞാനാഗ്രഹിക്കുന്നില്ല.’ ട്രംപ് വ്യക്തമാക്കി. അവതാരകന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെ, ഇസ്രായേലിന്റെ പ്രതിരോധനീക്കങ്ങളില്‍ സഹായിക്കുകയെന്നത് മാത്രമാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് മറുപടി നല്‍കി ചര്‍ച്ച വഴിതിരിച്ചുവിടുകയുമായിരുന്നു അദ്ദേഹം. പോയവര്‍ഷങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ഇസ്രായേലിലെ ജനങ്ങള്‍ക്കിടയിലും സൈനികര്‍ക്കിടയിലും തന്റെ ജനപ്രീതി 99 ശതമാനമായി ഉയര്‍ന്നുവെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.
ഇസ്രായേലിലെ പ്രധാന പ്രതിപക്ഷ നേതാക്കളിലൊരാളും നെതന്യാഹുവിനെതിരെ മത്സരത്തിനിറങ്ങാന്‍ സാധ്യത കല്‍പ്പിക്കുന്നതുമായ ഇസ്രായേല്‍ മുന്‍ സൈനിക മേധാവി ഗാദി ഐന്‍സ്‌കോട്ടുമായി യുഎസ് കൈകോര്‍ക്കുമോയെന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കുകയുണ്ടായി. അദ്ദേഹത്തെ കുറിച്ച് മോശമായ വാര്‍ത്തകളൊന്നും ഇതേവരെയും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും എങ്കിലും നെതന്യാഹുവിനെ നിസാരക്കാരനായി കാണരുതെന്നും ട്രംപ് വ്യക്തമാക്കി.’ബിബിയെ(നെതന്യാഹു) പൊതുജനം മുന്‍പ് പലതവണ എഴുതിത്തള്ളിയിട്ടുണ്ട്, അതുപോലെ എന്നെയും. എങ്കിലും, അദ്ദേഹത്തെ ഒരുകാരണവശാലും വിലകുറച്ച് കാണരുതെന്നേ എനിക്ക് പറയാനുള്ളൂ.’ ട്രംപ് പറഞ്ഞു





























