അമേരിക്ക : ഈ വർഷത്തെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷനായി മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇലിനോയ് സംസ്ഥാനത്ത് വിലക്ക്. മാർച്ച് 19ന് ഇവിടെ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ( ഉൾപാർട്ടി പോര് ) ട്രംപിന് മത്സരിക്കാനാകില്ലെന്ന് കുക്ക് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചു. എന്നാൽ, അപ്പീൽ തീർപ്പാക്കും വരെ വിധി നടപ്പാക്കില്ല. 2021 ജനുവരിയിലെ യു.എസ് ക്യാപിറ്റൽ കലാപത്തിൽ പങ്കുള്ളതിനാലാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. കലാപത്തിലോ ആക്രമണത്തിലോ ഉൾപ്പെട്ടവരെ അധികാരത്തിൽ നിന്ന് നീക്കാനുള്ള യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയുടെ മൂന്നാം സെക്ഷൻ ചൂണ്ടിക്കാട്ടിയാണ് നടപടി.
മാർച്ച് 5ന് പ്രൈമറി നടക്കുന്ന കൊളറാഡോ, മെയ്ൻ സംസ്ഥാനങ്ങളിലും നേരത്തെ ട്രംപിന് ഇക്കാരണത്താൽ വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കുകളെ ചോദ്യം ചെയ്ത് ട്രംപ് സമർപ്പിച്ച ഹർജികളിൽ യു.എസ് സുപ്രീംകോടതി അന്തിമ വിധി പറയാനിരിക്കുകയാണ്. വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി രാജ്യവ്യാപകമായി ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.