പത്തനംതിട്ട : പാവപ്പെട്ടവനും പണക്കാരനും തുല്യ നീതിയും പരിഗണനയും സർക്കാർ ഓഫീസുകളിൽ ലഭ്യമാകണം. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന യാഥാർഥ്യം ഇന്നും അനുഭവവേദ്യമായിട്ടില്ല. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകളിൽ ഉടൻ നൽകാവുന്ന മറുപടി പോലും 30 ദിവസം കഴിയുമെന്ന മറുപടി നൽകി നിരാശപ്പെടുത്തുന്ന സ്ഥിതി വിശേഷം ആണ് നിലവിൽ ഉള്ളത്. സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വേർതിരിവ് ചിലയിടത്തെല്ലാം ഇന്നും നിലനിൽക്കുകയാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ആവശ്യപ്പെട്ടു.
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് പത്തനംതിട്ട – ആലപ്പുഴ റീജിയണൽ കോൺഫറൻസ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണ പദാർഥങ്ങളിൽ വിഷം കലർത്തുന്നവർക്കെതിരെ നൽകുന്ന ശിക്ഷാകാലാവധി വർധിപ്പിക്കണമെന്ന് യോഗം പ്രമേയം പാസാക്കി. ലഹരി വിരുദ്ധ കേരളം എന്ന ക്യാമ്പയിൻ 2024 വർഷം ആചാരിക്കാനും എല്ലാ സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ സെമിനാർ നടത്താനും കുട്ടി യോദ്ധാവ് എന്ന ലഹരി വിരുദ്ധ ഷോർട് ഫിലിം പ്രദർശിപ്പിക്കാനും തീരുമാനിച്ചു. അന്തരിച്ച മുൻ സുപ്രീം കോടതി ജഡ്ജ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സുമ രവി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീവിദ്യ സുഭാഷ്, മഹേന്ദ്ര രാജ്, സുജിത് പത്മനാഭൻ, അജികുമാർ മലയാലപ്പുഴ, കോന്നി സജികുമാർ, ജോൺസൻ പുന്നക്കുന്ന്, അഡ്വ. ഗ്രീഷ്മ മധു എന്നിവർ സംസാരിച്ചു. അനിൽകുമാർ സ്വാഗതവും സജികുമാർ കൃതജ്ഞതയും പറഞ്ഞു.