തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തളളി. വന്‍ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന എന്‍ഐഎയുടെ വാദമാണ് കോടതി അംഗീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്ത യുഎഇ കോണ്‍സുലേറ്റിലും സ്വപ്‌നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.യുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന സുരേഷ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന മൊഴി. സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും ഇതിനു മുന്‍പും സമാനമായ രീതിയില്‍ പണം കോണ്‍സുല്‍ ജനറല്‍ കൊണ്ടു പോയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
ലോക്ക്ഡൗണിന് മുന്‍പ് നടത്തിയ 20 കളളക്കടത്തിലും യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികള്‍ക്കും കോണ്‍സല്‍ ജനറല്‍ കമ്മീഷന്‍ വാങ്ങിയിരുന്നെന്നാണ് സ്വപ്നയുടെ മൊഴി. പലപ്പോഴായി കിട്ടിയ കമ്മീഷന്‍ തുക കോണ്‍സുല്‍ ജനറല്‍ യൂറോപ്പില്‍ മറ്റൊരു ബിസിനസില്‍ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് ലക്ഷം ഡോളറുമായിട്ടാണ് കോണ്‍സുല്‍ ജനറല്‍ രാജ്യം വിട്ടതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.