കൊച്ചി : സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്ന് ഹൈക്കോടതി. ബെവ്കോ ഔട്ട്ലറ്റുകൾക്കു മുന്നിലെ ആൾക്കൂട്ടം സംബന്ധിച്ച കത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് സർക്കാരിനെ വീണ്ടും വിമർശിച്ചുള്ള ഹൈക്കോടതിയുടെ പരാമർശം. പരിഷ്കാരങ്ങൾ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലിൽ വെച്ചതുപോലെ ആകരുത് എന്നും കോടതി നിർദേശിച്ചു.
മദ്യശാലകൾ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവെയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്ന പരാതി ഉയർന്നപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ആരും വീടിനു മുന്നിൽ മദ്യശാലകൾ തുടങ്ങുന്നത് ആഗ്രഹിക്കുന്നില്ല. മദ്യശാലകളുടെ കാര്യത്തിൽ നയപരമായ മാറ്റം ആവശ്യമാണ്.
മദ്യശാലകൾക്കു മുന്നിൽ ആളുകൾക്കു ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുത്. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം സർക്കാർ മദ്യശാലകളിലുണ്ടാകണമെന്നും കോടതി നിർദേശിച്ചു. കോടതി നിർദേശങ്ങളെ തുടർന്ന് ഇതുവരെ 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നു സർക്കാർ കോടതിയിൽ അറിയിച്ചു.
33 കൗണ്ടറുകൾ ഇതിനകം പരിഷ്കരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മദ്യശാലകൾക്കു മുന്നിലെ തിരക്ക് വിഷയത്തിലും അസൗകര്യങ്ങളുടെ കാര്യത്തിലും കോടതി നേരത്തേയും സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.