തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് നൽകി. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ ഉന്നയിച്ച ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തീരപ്രദേശങ്ങളിൽ പണം നൽകി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മിഷൻ നിർദ്ദേശം നൽകി.അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി. ഇതിനിടെ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തരൂരിന്റെ പ്രതിനിധി വിശദീകരണം നൽകി.. നേരത്തെ രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിലും ഇക്കാര്യം ആണ് തരൂർ ചൂണ്ടിക്കാട്ടിയത്.
രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിക്കുന്നതെന്നും തരൂരിന്റെ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.വൈദികരെ ഉൾപ്പെടെ സ്വാധീനിക്കാനും വോട്ട് കിട്ടാൻ തീരമേഖലയിൽ പണം നൽകാനും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രമിക്കുന്നുവെന്ന് ശശി തരൂർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞതായാണ് എൻ.ഡി.എ നേതാക്കൾ പരാതി നൽകിയത്.