വലിയ യാത്രകള്‍ക്കായി നമ്മെ സഹായിക്കുന്ന സേവനമാണ് ഇന്ത്യന്‍ റെയില്‍വേ. കുറഞ്ഞ ചിലവില്‍ താമസിക്കാനുള്ള ഇടവും റെയില്‍വേ നല്‍കുന്നുണ്ടെന്ന് ആര്‍ക്കൊക്കെ അറിയാം. വളരെ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് റെയില്‍വേ ഒരുക്കിയിരിക്കുന്ന മുറികളില്‍ താമസിക്കാം.ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ലഭ്യമായ മുറികളാണ്, റിട്ടയറിങ് റൂമുകൾ. യാത്രക്കാർക്കായി ഇവിടെ സിംഗിൾ, ഡബിൾ, ഡോം റൂമുകൾ, എസി, നോൺ എസി എന്നിവയുൾപ്പെടെ വിവിധ രീതിയിൽ റൂമുകൾ ലഭ്യമാകും. യാത്രക്കാർക്ക് ട്രെയിൻ യാത്രയ്ക്ക് മുൻപോ ട്രെയിൻ യാത്രയ്ക്ക് ശേഷമോ വിശ്രമിക്കാൻ ഈ സൗകര്യം പ്രയോജനപ്പടുത്താവുന്നതാണ്.
യാത്രകളിൽ താമസസൗകര്യം ഒരുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഥവാ ഐആർസിടിസി നൽകുന്ന റിട്ടയറിങ് സൗകര്യം ഉപയോഗപ്പെടുത്താം. യാത്രക്കാരന്റെ കൈവശം കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റ് ഉണ്ടാകണം എന്നതാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാനുള്ള പ്രധാന യോഗ്യത. കുറഞ്ഞത് ഒരു മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെയാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാനാകുക. റിട്ടയറിങ് റൂമുകളുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിയമാവലികളും ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. റിട്ടയറിങ് റൂം ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനുമുള്ള ഓപ്ഷനുകളും ഇവിടെ കാണാം. ഒരു റിട്ടയറിംഗ് റൂമിന് 24 മണിക്കൂർ വരെ 20/- രൂപയും ഡോർമിറ്ററി ബെഡിന് 10/- രൂപയും ആണ് നിരക്ക്. 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ നേരത്തേക്ക് ഒരു റിട്ടയറിംഗ് റൂമിന് 40/- രൂപയും ഡോർമിറ്ററി ബെഡിന് 20/- രൂപയും ഈടാക്കും. നിരക്കുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ഐആർസിടിസി വെബ്സൈറ്റിൽ ലഭ്യമാണ്.
ഐആർസിടിസിയുടെ റിട്ടയറിങ് റൂം ബുക്ക് ചെയ്യും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ: ബുക്ക് ചെയ്തതിനെക്കാൾ കൂടുതൽ ദിവസം മുറിയിൽ താമസിക്കേണ്ടിവന്നാൽ(ലഭ്യമാണെങ്കിൽ) തുടർന്നുള്ള ദിവസങ്ങളിൽ 25 ശതമാനം അധികചാർജ് നൽകേണ്ടിവരും. റൂം ബുക്ക് ചെയ്യുന്നത് ഏത് മാർഗത്തിലാണോ( ഓൺലൈൻ/ഓഫ്ലൈൻ) ആ മാർഗത്തിലൂടെ മാത്രമേ ക്യാൻസലേഷനും സാധിക്കൂ. റൂം ബുക്ക് ചെയ്യുന്നതിന് ഉറപ്പായ ടിക്കറ്റ് നിർബന്ധമാണ്. ബുക്കിങ് പരാജയപ്പെട്ടാൽ, 7-10 പ്രവൃത്തി ദിവസത്തിനുള്ളിൽ തുക തിരികെ നൽകും. ഒരു PNR നമ്പറിൽ ഒരു മുറി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ബോർഡിംഗ് സ്റ്റേഷനിൽ ഒരു ബുക്കിംഗും ഡെസ്റ്റിനേഷൻ സ്റ്റേഷനിൽ ഒരു ബുക്കിംഗും അനുവദനീയമാണ്. ട്രെയിൻ റദ്ദാക്കുകയാണെങ്കിൽ പണം തിരികെ ലഭിക്കും.മുറികളിലെ മോശം അവസ്ഥ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരാതി നൽകാം. പ്രധാന സ്റ്റേഷനുകളിൽ മാത്രമാകും റിട്ടയറിങ് റൂം ബുക്കിങ് സൗകര്യം ലഭ്യമാകുക. റിട്ടയറിംഗ് റൂമിൽ ചെക്ക് ഇൻ ചെയ്യുന്നതിന് നിങ്ങൾക്ക് കുറഞ്ഞത് 12 വയസ്സ് പ്രായമുണ്ടായിരിക്കണം. താരിഫ് നിരക്കിൽ മാറ്റം വന്നാൽ കൂടിയ തുക അടയ്ക്കാൻ ഉപഭോക്താവിന് ബാധ്യതയുണ്ട്.
ഐആർസിടിസി റിട്ടയർ റൂം ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള വഴി: ഐആർസിടിസി ടൂറിസം വെബ്‌സൈറ്റിന്റെ ഹോംപേജിലേക്ക് പോയി ‘റിട്ടയറിംഗ് റൂമുകൾ’ തിരഞ്ഞെടുത്ത് ഇഷ്ടമുള്ള മുറി ബുക്ക് ചെയ്യാം. വെബ്സൈറ്റിൽ റിട്ടയറിങ് റൂം ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിഎൻആർ നമ്പർ നൽകുക. തുടർന്ന് സെർച്ച് ബട്ടനിൽ ക്ലിക്ക് ചെയ്യുക. അടുത്ത ഘട്ടമായി എവിടെയാണ്( യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലോ, അവസാനിക്കുന്ന സ്റ്റേഷനിലോ) റിട്ടയറിങ് റൂം വേണ്ടത് എന്ന് സെലക്ട് ചെയ്ത് നൽകുക. തുടർന്ന ചെക്ക്-ഇൻ/ചെക്ക്-ഔട്ട് തീയതി, കിടക്കയുടെ തരം, എസി അല്ലെങ്കിൽ നോൺ എസി എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകുക. അതിനുശേഷം മുറിയുടെ ലഭ്യത പരിശോധിക്കുക.
ഈ ഘട്ടത്തിൽ റൂം ലഭ്യത വിശദാംശങ്ങളോടൊപ്പം കാണിക്കും. അതിനുശേഷം നിങ്ങൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന റൂം നമ്പറും സ്ലോട്ട് ദൈർഘ്യവും തിരഞ്ഞെടുക്കുക. തുടർന്ന് കണ്ടിന്യൂ ക്ലിക്ക് ചെയ്യുമ്പോൾ ലോഗിൻ പേജിലേക്ക് റീഡയറക്ട് ചെയ്യും, ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രജിസ്റ്റർ ചെയ്ത ഉപയോക്താവല്ലെങ്കിൽ “ഗസ്റ്റ് ലോഗിൻ” തിരഞ്ഞെടുക്കുക. ശേഷം ബുക്കിംഗ് വിശദാംശങ്ങൾ ലഭിക്കും. ഓരോ യാത്രക്കാരനും താമസിക്കാൻ ആഗ്രഹിക്കുന്ന “റൂം നമ്പർ” തിരഞ്ഞെടുക്കുക. തുടർന്ന് ഐഡി കാർഡ് ഏതാണെന്ന് സെലക്ട് ചെയ്ത് കാർഡ് നമ്പറും തിരഞ്ഞെടുക്കുക. തുടരാൻ പ്രൊസീഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ബുക്കിംഗ് വിശദാംശങ്ങൾ ലഭ്യമാകും. തുടർന്ന് ഇഷ്ടമുള്ള പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് പണം അടയ്ക്കുക. റൂം ക്യാൻസൽ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒരു ദിവസം മുമ്പാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ ബുക്കിംഗ് തുകയുടെ 50% നഷ്ടമാകും. 2 ദിവസം മുമ്പ് റദ്ദാക്കിയാൽ ബുക്കിംഗ് തുകയുടെ 20% കുറയ്ക്കും. ബുക്ക് ചെയ്തിരിക്കുന്ന ദിവസമാണ് ക്യാൻസൽ ചെയ്യുന്നതെങ്കിൽ റീഫണ്ട് ലഭിക്കില്ല.