കൊൽക്കത്ത : ആവശ്യത്തിന് വാക്സീൻ ഡോസുകൾ ലഭ്യമല്ലാത്തതിനാൽ എല്ലാവർക്കും ഒരുപോലെ വാക്സീൻ നൽകുന്ന പദ്ധതി മാറ്റിവെച്ച് ബംഗാൾ സർക്കാർ. തിങ്കളാഴ്ച മുതൽ പദ്ധതി ആരംഭിക്കാനിരിക്കെയാണ് ക്ഷാമം മൂലം മുൻഗണനാ വിഭാഗങ്ങൾക്കു മാത്രം വാക്സീൻ നൽകാൻ സർക്കാർ തീരുമാനിച്ചത്.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാത്ത 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് തൽക്കാലം വാക്സീൻ നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. അഞ്ചു ലക്ഷത്തോളം പേർക്ക് വാക്സീൻ നൽകാനാണ് പദ്ധതിയിട്ടത്. നിലവിൽ രണ്ടു ലക്ഷം പേർക്ക് ഒരു ദിവസം വാക്സീൻ നൽകുന്നുണ്ട്. ലഭ്യത അനുസരിച്ച് അത് മൂന്നു ലക്ഷം പേർക്കു കൂടിയായി വർധിപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് അറിയിച്ചു. വാക്സീൻ വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷപാതപരമായ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു.