കോഴിക്കോട് : പ്രവാസികൾക്കായുള്ള കോവിഡ് ഇരട്ട പരിശോധന തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കോവിഡ് സാഹചര്യത്തിൽ പരിശോധനകൾ വേണ്ടി വരുമെന്നും ജാഗ്രതയുടെ ഭാഗമായുള്ള മാർഗ്ഗ നിർദേശമാണ് കേന്ദ്രം നൽകുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. അതേസമയം ഇരട്ട പരിശോധനക്കെതിരെ പ്രതിഷേധം ശക്തമാണ്. 5000 രൂപയോളം മുടക്കിയാണ് പ്രവാസികള്‍ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കരസ്ഥമാക്കുന്നത്.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് വിമാനത്താവളങ്ങളിലെ പരിശോധന നടക്കുന്നതെന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലും ജാഗ്രതയുടെ ഭാഗമായി പരിശോധന ആവശ്യമാണെന്നും മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇരട്ട പരിശോധനക്കെതിരെ വിമാനത്തവളത്തിലടക്കം പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. വിമാനത്താവള പരിശോധന ഒഴിവാക്കണമെന്ന് എം.കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. മലബാർ ഡെവലപ്മെന്റ് ഫോറവും കേന്ദ്ര സർക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.