തിരുവനന്തപുരം : വോട്ടര്‍പ്പട്ടികയില്‍നിന്ന് ഇരട്ടവോട്ടുകള്‍ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തില്‍ പരിശോധന കര്‍ശനമാക്കി. 30-നുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കളക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍നടപടികളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ പട്ടികയില്‍നിന്ന് പേര് നീക്കംചെയ്യുക സാധ്യമല്ല. നിലവില്‍ പരാതികളിലൂടെയും അല്ലാതെയും കണ്ടെത്തിയ ഇരട്ടവോട്ടുകളിലും ഒന്നിലധികം മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വോട്ടുള്ളതിലും ഒറ്റവോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പേര് ഒന്നിലധികംതവണ ഉള്‍പ്പെടുകയോ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി കര്‍ശനമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. 2019-നുശേഷംമാത്രം 69 ലക്ഷം ഇരട്ടവോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്.