കായംകുളം : ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ആശങ്ക. ഇന്നലെ നൂറോളം പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി എടുത്തത്. നഗരം ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണാണ്.
കഴിഞ്ഞ മാസം 29 ന് രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെയും മകളുടെയും ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച മറ്റ് പതിനാല് പേര്‍. നഗരസഭ നാലാം വാര്‍ഡിലെ 54 വയസുകാരനും 46വയസുകാരിയും എട്ടും ഒന്‍പതും മാസം മാത്രം പ്രായമുള്ള പിഞ്ചുകുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു യുവതി സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. ആകെ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നാല് പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.
ഒരു കുടുംബത്തിലെ മാത്രം 29 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. മാര്‍ക്കറ്റില്‍ ചരക്കുമായി എത്തിയ ലോറിക്കാരില്‍ നിന്നാണ് പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് പടര്‍ന്നതെന്നാണ് സംശയം. വ്യാപാരി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കുടുബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
ആദ്യത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞതോടെ കായംകുളം മാര്‍ക്കറ്റ് വലിയ തിരക്കിലേയ്ക്ക് മാറുകയായിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും നൂറോളം ചരക്ക് വാഹനങ്ങളാണ് ഇവിടേക്ക് നിത്യവും എത്തിയിരുന്നത്.
കായംകുളം നഗരം കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. റോഡുകള്‍ ബാരിക്കേഡ് വെച്ച് അടച്ചു. ദേശീയ പാതയില്‍ കൂടി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കായംകുളം ബസ് സ്റ്റേഷനില്‍ കയറുന്നില്ല. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം രണ്ടു ദിവസം കൊണ്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിയ്ക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കായംകുളത്ത് അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാകളക്ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.