തിരുവനന്തപുരം : സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ക്രൂരപീഡനം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കുമാരപുരത്താണ് സംഭവം. ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിന് യുവതി ഇരയായെന്നാണ് വിവരം. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയും 24കാരിയുമായ അശ്വതിയാണ് പീഡനത്തിന് ഇരയായത്. കുമാരപുരത്തെ ഭര്‍തൃവീട്ടില്‍ വെച്ചായിരുന്നു സംഭവം. ഭര്‍ത്താവ് ജിബിന്‍ മദ്യപിച്ചെത്തുകയും പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ജിബിന്റെ കുടുംബവും മര്‍ദ്ദനത്തിന് കൂട്ടുനിന്നതായി യുവതി പറയുന്നു.
2017 ഒക്ടോബറിലായിരുന്നു അശ്വതിയുടെയും ജിബിന്റെയും വിവാഹം. 4 ലക്ഷം രൂപയുടെ കാറും 45 പവന്‍ സ്വര്‍ണവും 15 ലക്ഷം പണമായും വിവാഹ സമ്മാനമായി ജിബിന് നല്‍കിയിരുന്നു. പണവും സ്വര്‍ണവും തീരാറായപ്പോള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. ഇത് പിന്നീട് മര്‍ദ്ദനമായി മാറി. പോലീസിലും വീട്ടിലും മര്‍ദ്ദന വിവരങ്ങള്‍ അറിയിക്കാതിരിക്കാന്‍ ഭീഷണിപ്പെടുത്തി. അശ്വതിയുടെ ഫോണ്‍ തല്ലി തകര്‍ത്തു. ഒടുവില്‍ വീണ്ടും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ സ്ത്രീധന പീഡനം സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പോലീസിലും കമ്മീഷണര്‍ ഓഫീസിലും അശ്വതി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒത്തുതീര്‍പ്പായി. തുടര്‍ന്ന് അശ്വതി ഭര്‍തൃവീട്ടിലേക്ക് തന്നെ മടങ്ങി. ഇതിന് പിന്നാലെയാണ് വീണ്ടും മര്‍ദ്ദനമുണ്ടായത്.