ശാസ്താംകോട്ട : സ്ത്രീധന പീഡനത്തെത്തുടർന്നു ഭർതൃഗൃഹത്തിൽ നിലമേൽ സ്വദേശിനി വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ കുറ്റപത്രം 10നു മുൻപു ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും. സംസ്ഥാന പോലീസ് മേധാവിക്കും അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അത്തല്ലൂരിക്കും സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജിനും കരട് കൈമാറിയിരുന്നു.
ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിസ്മയയുടെയും ഭർത്താവ് കിരൺകുമാറിന്റെയും ഫോൺരേഖകൾ ഉൾപ്പെടെയുള്ള കൂടുതൽ ഡിജിറ്റൽ തെളിവുകളും സമാഹരിച്ചിട്ടുണ്ട്. 20 നു കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ 90 ദിവസം പൂർത്തീകരിക്കും.
കുറ്റപത്രത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചു പ്രോസിക്യൂട്ടർ അന്വേഷണസംഘത്തിനു കത്തു നൽകി. 40 പ്രോസിക്യൂഷൻ സാക്ഷികൾ കേസിൽ ഉണ്ടാകുമെന്നാണു സൂചന. 20 ലേറെ തൊണ്ടിമുതലുകളും എത്തിച്ചേക്കും. കഴിഞ്ഞ ജൂൺ 21നാണു കിരൺകുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടിൽ വിസ്മയയെ(22) മരിച്ചനിലയിൽ കണ്ടെത്തിയത്.