തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75- ാം ജന്മദിനവാർഷികാഘോഷം തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്നു. രാവിലെ കുർബ്ബാന ശുശ്രൂഷയ്ക്ക് മെത്രാപ്പോലിത്താ നേതൃത്വം നൽകി. തുടർന്ന് നടന്ന ആശംസാ സമ്മേളനം ഗോവാ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിതനായ ആചാര്യശ്രേഷ്ഠനാണ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ എന്ന് ഗോവ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള പ്രസ്താവിച്ചു. ഭയരഹിതമായി സമൂഹിക ഇടപെടലുകൾ നടത്തിയ ചരിത്രമുള്ള സഭയാണ് മാർത്തോമ്മാ സഭ എന്നും അദ്ദേഹം പറഞ്ഞു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സഭയുടെയും നിരണം-മാരാമൺ ഭദ്രാസനത്തിന്റെയും ആഭിമുഖ്യത്തിലുള്ള രണ്ടു പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം നീങ്ങാൻ കഴിഞ്ഞ സഭയാണ് മാർത്തോമ്മാ സഭ എന്നും സംവാദങ്ങൾക്ക് പ്രാമുഖ്യം നൽകി ആശയതലങ്ങളിലും പ്രായോഗിക തലങ്ങളിലും മികച്ച സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മെത്രാപ്പോലിത്തയാണ് തിയഡോഷ്യസ് മാർത്തോമ്മാ എന്നും മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മുതിർന്ന പൗരരെ പുനരധിവസിപ്പിക്കുന്നതിന് സഭയായി തുടങ്ങുന്ന കേന്ദ്രം, കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയിലേക്ക് വൃക്കരോഗികൾക്കായുള്ള ഡയാലിസിസ് ചികിത്സാ ഉപകരണങ്ങൾ എന്നീ രണ്ടു പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. സി. എസ്. ഐ. മദ്ധ്യ കേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, നിരണം-മാരാമൺ ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, നിരണം-മാരാമൺ ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, സഭാ കൗൺസിൽ അംഗം ജോർജ് ജേക്കബ്, ഭദ്രാസന കൗൺസിൽ അംഗം സൂസമ്മ സാമുവൽ എന്നിവർ പ്രസംഗിച്ചു.