മുംബൈ : ഭരണഘടന ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു. സംഭവത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അപലപിച്ചു. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മന്ത്രിമാരായ ധനഞ്ജയ് മുണ്ടെ, ജയന്ത് പാട്ടീല്‍ എന്നിവരും രംഗത്തെത്തി. ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബീംറാവു അംബേദ്കറും ആവശ്യപ്പെട്ടു. സമാധാനത്തിന് ആഹ്വാനം ചെയ്ത് വഞ്ചിത് ബഹുജന്‍ അഘാഡി പാര്‍ട്ടിയും രംഗത്തെത്തി. അംബേദ്കറുടെ വസതി ഇപ്പോള്‍ മ്യൂസിയമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കെട്ടിടത്തില്‍ അജ്ഞാതരായ ആക്രമി സംഘമെത്തുകയായിരുന്നു.