റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന് സംഘടിപ്പിച്ച വിജയോത്സവം 2021 ഉദ്ഘാടനം ചെയ്‌ത് ഡോ. ജോഷ്വ മാർ നിക്കോദിമോസ്. ഉന്നത വിജയം നേടി ഉയർന്ന യോഗ്യതകൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ നമ്മുടെ മനുഷ്യവിഭവം രാജ്യത്തിന് നഷ്ടമാകുന്നു. ഇത് വലിയൊരു ദേശീയ നഷ്ടം തന്നെയെന്ന് തിരിച്ചറിയാൻ നമ്മുടെ കുട്ടികൾക്ക് കഴിയണമെന്നും ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികളെ അതി ജീവിക്കുവാൻ യുവ തലമുറ സജ്ജരാകണമെന്നും ഡോ. ജോഷ്വ മാർ നിക്കോദിമോസ് പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ 2020-2021വർഷത്തിൽ എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച 36 കുട്ടികളെയും പ്ലസ്ടുവിന് ഉന്നത വിജയം നേടിയ 16 കുട്ടികളെയും അനുമോദിക്കുകയും ഗ്രാമ പഞ്ചായത്തിന്റെ വക ഉപഹാരങ്ങളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു.
ഉന്നത വിജയികളായ കുട്ടികൾക്ക് നൽകുന്നതിനുള്ള ഉപഹാരങ്ങൾ വെച്ചൂച്ചിറ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഭാരവാഹികളായ ഫാ. എ. ജി ക്ലിമിസ് ഷാജി പാറയിൽ, കെ ജി സേവ്യർ എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ജെയിംസിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സതീഷ് കെ പണിക്കർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എ. മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. ഇ. രാമാദേവി, വി. വർക്കി, പൊന്നമ്മ ചാക്കോ, പി. എച്ച് നഹാസ്, രാജി വിജയകുമാർ, ജോയി ജോസഫ്, പ്രസന്ന കുമാരി, ടി. കെ രാജൻ, പ്രധാനധ്യാപകരായ സാബു പുല്ലാട്ട്, ആൻഡ്റൂസ്, റോഷൻ പീറ്റർ, ദീപ, വിഷ്ണു പ്രകാശ്, സാന്ദ്ര കുര്യൻ എന്നിവർ പ്രസംഗിച്ചു.