പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്.സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതു നൽകുന്ന 299 -മത് സ്നേഹഭവനം വിദേശ മലയാളിയായ ഷെറി എബി മാത്യുവിന്റെയും റിനു മാത്യൂസിന്റെയും സഹായത്താൽ മഞ്ഞനിക്കര വെട്ടോളിമല പൂങ്കാവിൽ പടിഞ്ഞാറ്റേക്കര വീട്ടിൽ വിധവയായ അജിതയ്ക്കും രണ്ട് കുട്ടികൾക്കുമായി പണിതു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഷെറി എബി മാത്യു നിർവഹിച്ചു. അജിതയും രോഗിയായ ഭർത്താവ് വിജയനും രണ്ടു കുട്ടികളും സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്.
ഇവരുടെ ദയനീയ അവസ്ഥ മനസിലാക്കിയ ടീച്ചർ ഇവർക്ക് വീട് പണിയുവാൻ ആരംഭിക്കുകയും അജിതയുടെ ഭർത്താവ് വിജയൻ കിഡ്നി സംബന്ധമായ അസുഖം മൂലം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. ഇവരുടെ മൂത്ത മകൾ കോഴഞ്ചേരി സെൻറ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർഥിനിയും മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ആണ്. സ്വന്തമായി വീട് വെയ്ക്കുവാൻ യാതൊരു നിവൃത്തിയും ഇല്ലാതിരുന്ന കുടുംബത്തിന് ടീച്ചർ ഷെറി നൽകിയ തുക ഉപയോഗിച്ച് രണ്ടു നിലകളിലായി രണ്ട് മുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദൂ .റ്റി .ചാക്കോ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, ലീല കേശവൻ, മാത്യു .പി .എ, ലീലാമ്മ മാത്യു, മോൻസി പോൾ എന്നിവർ പ്രസംഗിച്ചു.