കൊച്ചി: കളമശേരി ആശുപത്രിയിലെ കൊവിഡ് രോഗികളോടുള്ള അനാസ്ഥ പുറത്തുകൊണ്ടുവന്ന ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ നിയമത്തിന് കീഴില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.
സ്വാതന്ത്ര്യവും അവകാശവും ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം വകവെച്ചു കൊടുക്കുകയും നീതിയെയും നിയമത്തെയും കാല്‍ക്കീഴില്‍ ഒതുക്കുകയും ചെയ്യുന്ന ഫാഷിസത്തിന്റെ നേര്‍രൂപമായി മാറുകയാണ് ഇടതുപക്ഷ സൈബര്‍ വിഭാഗം. ഡോ. നജ്മക്ക് പറയുവാനുള്ളത് നിര്‍ഭയമായി വിളിച്ച് പറയാന്‍ അവസരം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ആശുപത്രിയില്‍ അനാസ്ഥകള്‍ നടന്നിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ നേര് പറയുന്നവന്റെ നെഞ്ചില്‍ കുത്തുവാന്‍ ശരങ്ങളൊരുക്കുകയല്ല.
കളമശേരി ആശുപത്രിയിലെ ആരോപണങ്ങള്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെയും ഡോ. നജ്മയെ മോശമായി സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ച സൈബര്‍ ഗുണ്ടകളെയും മാതൃകാപരമായി ശിക്ഷിക്കുവാനും ഒപ്പം ഡോ. നജ്മക്ക് സുരക്ഷിതത്വം നല്‍കുവാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെകെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഷനോജ്, ജമീല വയനാട്, കെപി സുഫീറ, എന്‍കെ സുഹറാബി സംസാരിച്ചു.